പെഗിയ (സൈപ്രസ്): ഫിഡെ 2026 കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്‍ണമെന്റ് അതിന്റെ സൂപ്പര്‍ ക്ലൈമാക്സിലേക്ക്. വനിതാ വിഭാഗത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോള്‍ ഓപ്പണ്‍ (പുരുഷ) വിഭാഗത്തില്‍ ഉസ്ബക്കിസ്ഥാന്റെ ജാവോഖിര്‍ സിന്‍ഡറോവ് ഏകദേശം ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു.
വനിതാ വിഭാഗത്തില്‍ ചൈനയുടെ ഷു ജിനറും ഇന്ത്യയുടെ ആര്. വൈശാലിയും ഏഴ് പോയിന്റുമായി ടേബിളിന്റെ തലപ്പത്ത് ഉണ്ട്. തുല്യ പോയിന്റ് ആണെങ്കിലും എസ്ബി (സോണ്‍ബോണ്‍-ബെര്‍ഗര്‍) സ്കോറില്‍ ജിനറിനാണ് (40) വൈശാലിയേക്കാള് (39.25) മുന്‍തൂക്കം.
14 റൗണ്ടുള്ള ടൂര്‍ണമെന്റില്‍ 12 റൗണ്ട് പൂര്‍ത്തിയായി. 12-ാം റൗണ്ടില്‍ വൈശാലിയെ കീഴടക്കിയാണ് ജിനര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ മറ്റൊരു താരമായ ദിവ്യ ദേശ്മുഖും 12-ാം റൗണ്ടില്‍ പരാജയപ്പെട്ടു.
ഇന്നും നാളെയും
ഇന്നും നാളെയുമാണ് 13ഉം 14ഉം റൗണ്ടുകള്‍. 13-ാം റൗണ്ടില്‍ വൈശാലിയുടെ എതിരാളി അഞ്ച് പോയിന്റുമായി അവസാന സ്ഥാനത്തുള്ള ചൈനയുടെ ടാന്‍ സോങ് യിയാണ്. 5.5 പോയിന്റുള്ള റഷ്യയുടെ അലക്സാന്ദ്ര ഗോറിയാച്ച്കിനയാണ് 13-ാം റൗണ്ടില്‍ ഷു ജിനറിന്റെ എതിരാളി.
കസാക്കിസ്ഥാന്റെ ബിബിസാര അസൗബയേവ (6.5), യുക്രെയ്നിന്റെ അന്ന മുസിചുക്ക് (6.5), റഷ്യയുടെ അല്കാസാന്ദ്ര ഗോറിയാച്കിന (6), കാറ്റെറിന ലാഗ്നോ (6) എന്നിവരും അവസാന രണ്ട് റൗണ്ടിലെ പ്രകടനങ്ങളിലൂടെ ജേതാക്കളാകാനുള്ള തയാറെടുപ്പിലാണ്.
ഉറപ്പാണ് ജാവോഖിര്‍
ഓപ്പണ്‍ വിഭാഗം (പുരുഷ) ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന രണ്ട് റൗണ്ടില്‍ ഒരു സമനില നേടിയാല്‍ ഉസ്ബക്കിസ്ഥാന്റെ 20കാരന് ജാവോഖിര്‍ സിന്‍ഡറോവ് ചാമ്പ്യനാകും. 12 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഒമ്പത് പോയിന്റുമായി ഉസ്ബക്ക് താരം ഒന്നാം സ്ഥാനത്ത് തുടരുന്നു.
രണ്ടാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്സിന്റെ അനിഷ് ഗിരിക്ക് ഏഴ് പോയിന്റേയുള്ളൂ. ഇന്നു നടക്കുന്ന 13-ാം റൗണ്ടില്‍ ജാവോഖിറും അനിഷ് ഗിരിയും തമ്മിലാണ് പോരാട്ടം എന്നതും ശ്രദ്ധേയം.
ഇരുവരും ആദ്യവട്ടം ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിഞ്ഞിരുന്നു. 14-ാം റൗണ്ടില്‍ ചൈനയുടെ വീ യി ആണ് ജാവോഖിറിന്റെ എതിരാളി. അഞ്ച് പോയിന്റുമായി ഏഴാം സ്ഥാനത്തുള്ള ഇന്ത്യയുടെ ആര്. പ്രഗ്നാനന്ദയുടെ ചാമ്പ്യന്‍പട്ട സ്വപ്നം അവസാനിച്ചുകഴിഞ്ഞു.